അഖിലാണ്ഡമണ്ഡല മണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും .
സുരഗോളലക്ഷങ്ങലണിയിട്ടു നിര്‍ത്തി
അവികല സൌഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാരസൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും.
അവസാനജലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണ ശൂന്യമായ് വിലയിച്ചു തീരും
അതു നാളും സത്തു ചിത്താനന്ദദീപ്തം
ഒരു സത്യം നില നില്‍ക്കും അതു നിത്യം ശരണം
ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്റെ
പരിശുദ്ധ തേജസ്സു വിളയാടിക്കാണ്‍മാന്‍
ഒരു ജാതി, ഒരു മതം, ഒരു ദൈവമേവം
പരമാര്‍ത്ഥവേദാന്തം സഫലമായ് ത്തീരാന്‍
അഖിലാദിനായകാ തവതിരുമുമ്പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം.
സമരാദി തൃഷ്ണകളാകവേ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോര്‍ത്തിണങ്ങി
ജനിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരു മാനന്ദം തേടി
വിജയിക്കാ നിന്തിരു നാമങ്ങള്‍ പാടി.
POSTED BY
S.SALIMKUMAR
No comments:
Post a Comment